24/01/2018

എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി

        സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നതും,പഠനമികവിന്റെ തെളിവെന്ന നിലയ്ക്ക് പൊതുവിദ്യാലയങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്നതുമായ പരീക്ഷയാണ് എൽ.എസ്.എസ്/യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷ. കുട്ടികൾ നീണ്ട തയ്യാറെടുപ്പ് ഈ പരീക്ഷക്കായി നടത്തുന്നുണ്ട്. എന്നാൽ എൽ.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 200 രൂപയും യു.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 300 രൂപയുമാണ് പ്രതിവർഷം നല്കിവരുന്നത്. വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച ഈ തുക കാലാനുസൃതമായി പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് 2017/18 അദ്ധ്യയന വർഷം മുതൽ എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക യഥാക്രമം 1000, 1500എന്നിങ്ങനെ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി

റിപ്പബ്ലിക് ദിനാചരണം: എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണം

            റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സമുചിതമായി ആചരിക്കണമെന്ന് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് സര്‍ക്കുലര്‍ മുഖേന അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍വകലാശാല/കോളേജുകള്‍/സ്‌കൂളുകള്‍ എന്നിവിടങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ അറിയിച്ചു. ആഘോഷ പരിപാടികളില്‍ ജീവനക്കാരുടെ  സാന്നിധ്യം ഉറപ്പാക്കാന്‍ വകുപ്പ്/സ്ഥാപനമേധാവികള്‍ നടപടി സ്വീകരിക്കണം.           
              തലസ്ഥാനത്ത് രാവിലെ 8.30 ന് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് സായുധസേനാ പരേഡും ദേശീയ ഗാനാലാപനവും കര-വ്യോമ-പോലീസ് സേനാംഗങ്ങള്‍, സൈനിക സ്‌കൂള്‍, എന്‍.സി.സി., സ്‌കൗട്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഗാര്‍ഡ് ഓഫ് ഓണറും നടക്കും. ഇതേസമയം തന്നെ ജില്ലാ ആസ്ഥാനങ്ങളിലും ദിനാചരണം സംഘടിപ്പിക്കും. ബന്ധപ്പെട്ട സംസ്ഥാന മന്ത്രിമാര്‍ ഓരോ ജില്ലയിലും ദേശീയ പതാക ഉയര്‍ത്തും. ഉപജില്ലാ, ബ്ലോക്ക് തലങ്ങളില്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റോ ദേശീയ പതാക ഉയര്‍ത്തും. പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍/മേയര്‍ എന്നിവരും സര്‍ക്കാര്‍ ഓഫീസുകള്‍/സ്‌കൂളുകള്‍/കോളേജുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വകുപ്പ്/ഓഫീസ് മേധാവികളും ദേശീയ പതാക ഉയര്‍ത്തും.    
                ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനാലാപനം, പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തണം. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണം. യൂണിഫോം ധരിച്ച എല്ലാ ഉദ്യോഗസ്ഥരും ദേശീയ പതാകയെ സല്യൂട്ട് ചെയ്യണം. റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണമെന്നും പ്ലാസ്റ്റിക്കുകൊണ്ടുള്ള ദേശീയ പതാക നിര്‍മിക്കുകയോ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. 

23/01/2018

പൊതുവിദ്യാലയങ്ങള്‍ 201 അധ്യയന ദിനങ്ങള്‍ തികയ്ക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഈ വര്‍ഷം 201 അധ്യയന ദിനങ്ങള്‍ തികയ്ക്കും. മുന്‍വര്‍ഷങ്ങളില്‍ 180 ല്‍ താഴെ അധ്യയന ദിനങ്ങളെ ലഭിച്ചിരുന്നുള്ളൂ. ഈ വര്‍ഷം ആദ്യ രണ്ടു ടേമുകളിലായി 135 അധ്യയന ദിനങ്ങളേ ലഭിച്ചു. മൂന്നാം ടേമില്‍ 66 ദിവസങ്ങള്‍ അധ്യയന ദിനങ്ങളായി ഉള്‍പ്പെടുത്തി. ഹര്‍ത്താലിനെ തുടര്‍ന്ന് നഷ്ടമായ അധ്യയന ദിനങ്ങള്‍ക്കു പകരം മൂന്നാം ടേമില്‍ നാല് ദിവസങ്ങള്‍ കൂടി അധ്യയന ദിനങ്ങളായി ഉള്‍പ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.


Back to TOP