24/09/2015

ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കെതിരെയുളള നടപടികള്‍: മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു



ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷണനടപടി കൈക്കൊളളുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയുളള ശിക്ഷണനടപടികള്‍ നിലവിലെ നിയമങ്ങള്‍ക്ക് എതിരാണെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നിയമപരമല്ലാത്ത അച്ചടക്കനടപടികള്‍ മൂലം കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പതിനെട്ടു വയസ് പൂര്‍ത്തിയാകാത്ത കുട്ടി, ബാലനീതിനിയമപ്രകാരം നടപടി നേരിട്ട് കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍പ്പോലും യാതൊരു അയോഗ്യതയും ആ കുട്ടിക്ക് ഉണ്ടാകുന്നില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റില്‍ വ്യക്തമാക്കിയിട്ടുളളത് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ പെട്ടാലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍പ്പോലും ആ കാരണത്താല്‍ മാത്രം വിദ്യാര്‍ത്ഥികളെ സസ്‌പെന്റു ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുന്നത് നിലവിലെ നിയമങ്ങള്‍ക്ക് എതിരാണ്. കുട്ടിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമ്പോള്‍ അക്കാര്യം രക്ഷിതാവിനെയും ബന്ധപ്പെട്ട റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറെയും അറിയിക്കേണ്ടതും വിശദീകരണം നല്‍കാനുളള അവസരം കുട്ടിക്ക് നല്‍കേണ്ടതുമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്


Back to TOP