28/10/2015

ഒക്ടോബര്‍ 31 ന് ദേശീയ പുനരര്‍പ്പണ ദിനം


ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 31 ദേശീയ പുനരര്‍പ്പണ ദിനമായി ആചരിക്കും. ചടങ്ങിന്റെ ഭാഗമായി തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും മൗനാചരണവും ദേശഭക്തിഗാനാലാപനവും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബര്‍ 31-ന് രാവിലെ 10.15 മുതല്‍ 10.17 വരെ മൗനമാചരിക്കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു സ്ഥലത്ത് സമ്മേളിച്ച് ദേശീയോദ്ഗ്രഥന പ്രതിജ്ഞ എടുക്കും
. ഓഫീസ് തലവന്‍മാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കും. തിരുവനന്തപുരത്ത് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മറ്റിടങ്ങളില്‍ ജില്ലാതലത്തിലുമാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുക. ജില്ലാതല പരിപാടിയുടെ ചുമതല കളക്ടര്‍ക്കായിരിക്കും. സംസ്ഥാനതല പരിപാടിയുടെ ചുമതല തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കായിരിക്കും. തിരുവനന്തപുരം ഉള്‍പ്പെടെയുളള എല്ലാ കോര്‍പ്പറേഷനുകളിലും ടൗണുകളിലും ആചാരവെടി മുഴക്കും. ആദ്യവെടി രാവിലെ 10.15 നും രണ്ടാമത്തെ ആചാരവെടി 10.17 നുമായിരിക്കും. ആചാരവെടി മുഴക്കുന്നത് സംബന്ധിച്ച ചുമതല ഡി.ജി.പി. യ്ക്കായിരിക്കും. രണ്ട് മിനിട്ടുള്ള മൗനാചരണത്തിന്റെ തുടക്കവും ഒടുക്കവും സൈറന്‍ സംവിധാനമുളളിടങ്ങളില്‍ സൈറന്‍ മുഴക്കേണ്ടതാണ്. രാവിലെ 10.14 മുതല്‍ 10.15 വരെയും 10.17 മുതല്‍ 10.18 വരെയുമാണ് സൈറന്‍ മുഴക്കേണ്ടത്. രാവിലെ 10.15 മുതല്‍ 10.17 വരെ രണ്ട് മിനിട്ട് നേരം എല്ലാ വാഹനങ്ങളുടെയും സഞ്ചാരം നിര്‍ത്തിവയ്ക്കും. പുനരര്‍പ്പണദിനത്തില്‍ എടുക്കേണ്ട പ്രതിജ്ഞ : രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണ ബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവമൂലമുളള ഭിന്നതകളും തര്‍ക്കങ്ങളും രാഷ്ട്രീയമോ സാമ്പത്തികമോ ആയ മറ്റ് പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. TEXT OF THE PLEDGE I solemnly pledge to work with dedication to preserve and strengthen the freedom and integrity of the nation. I further affirm that I shall never resort to violence and that all difference and disputes relating to religion, language, region or other political or economic grievances should be settled by peaceful and constitutional means. 


Back to TOP