27/10/2015

മലയാളം ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

നവംബര്‍ മാസത്തിലെ ആദ്യ പ്രവൃത്തി ദിവസം രാവിലെ 11 ന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ അദ്ധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കേണ്ടതും ഭരണഭാഷാ പ്രതിജ്ഞ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് തലവന്‍ ചൊല്ലിക്കൊടുക്കേണ്ടതുമാണ്. മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയെയും കേരള സംസ്‌കാരത്തെയും ഞാന്‍ ആദരിക്കുന്നു. ഭരണനിര്‍വ്വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന് എന്റെ കഴിവുകളെ ഞാന്‍ വിനിയോഗിക്കും. ഭരണഭാഷാ വാരാഘോഷക്കാലത്ത് ഓഫീസുകളിലും സ്‌കൂളുകളിലും ആഘോഷം സംബന്ധിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിക്കണം. വാരാഘോഷക്കാലത്ത് വിവിധ വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാ മാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, സത്‌സേവനരേഖയും ഭരണഭാഷാ സേവന പുരസ്‌കാരവും ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കേണ്ടതാണ്. അതോടൊപ്പം വിവിധ വകുപ്പുകള്‍ക്ക് യോജിച്ചതും ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും നടപ്പിലാക്കണം. ഓഫീസുകളില്‍ ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കണം. മലയാളം-ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും സംബന്ധിച്ച് കീഴ് ഓഫീസുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ സമാഹരിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി എല്ലാ വകുപ്പ് തലവന്‍മാരും നവംബര്‍ 30-ന് മുന്‍പ് ഔദ്യോഗികഭാഷാ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയക്കേണ്ടതാണ്. സംസ്ഥാനതല ആഘോഷപരിപാടികളുടെ ഭാഗമായി നവംബര്‍ മാസത്തെ ആദ്യ പ്രവൃത്തിദിവസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ല/താലൂക്കുതല ആഘോഷത്തിന്റെ ചെലവ് ജില്ലാ കളക്ടര്‍ക്കുവേണ്ടി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മറ്റ് ചെലവുകള്‍ എന്ന കണക്കിലും പഞ്ചായത്ത് തലത്തിലുള്ള പരിപാടികളുടെ ചെലവ് ബന്ധപ്പെട്ട പഞ്ചായത്തിന്റെ കണക്കിലും വകയിരുത്തേണ്ടതാണ്. ബാനറിന്റെ മാതൃക 'ഭരണഭാഷ-മാതൃഭാഷ' മലയാളം-ശ്രേഷ്ഠ ഭാഷാ ദിനാഘോഷം - 2015 നവംബര്‍ മാസത്തെ ആദ്യപ്രവൃത്തി ദിവസം ഭരണഭാഷാവാരാഘോഷം - 2015 നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ


Back to TOP